പേജുകള്‍‌

ലേബലുകള്‍

2011, ഒക്‌ടോബർ 19, ബുധനാഴ്‌ച

നനവ്‌


ഒരു മഴ നനയാന്‍ എന്നും കൊതിക്കും 
കാലം വേനലാണ് പൊഴിക്കുന്നതെങ്കിലും
ഇടയ്ക്ക് നിഴല്‍ പരത്താന്‍  
കാര്‍മേഘങ്ങള്‍പൊള്ളുന്നു ..

അവ സ്നേഹ മഴയായി 
ഇടയ്ക്ക് പെയ്തിറങ്ങുന്നു

മണ്ണിനെ നനയ്ക്കാന്‍ ..
ഇടയ്ക്ക് ഇങ്ങനെ ഇല്ലായിരുന്നെങ്കില്‍ 
ഈ മണ്ണ് വെന്തുരുകിയേനെ ...!
*****************************************

2011, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

പിഴവ്



പിഴച്ചവനെന്നു ആരോ പഴിച്ചത്  കേട്ട്
ഞാനും വിളിച്ചു പിഴച്ചവന്‍ പിഴച്ചവന്‍ ..!

പിഴച്ചതെവിടെ എന്ന് നിനച്ചതേ ഇല്ല 
പിഴവ് തിരുത്തുവാന്‍ ശ്രമിച്ചതുമില്ല ..!

പിഴച്ചവന്‍ പിഴച്ചവന്‍ എന്ന് പഴിച്ച്‌
എന്‍റെ നാവു പിഴച്ചത് ഞാനറിഞ്ഞില്ല.!

പിഴച്ചവന്‍ മനം നൊന്തു മരിച്ചപ്പോഴാണ് 
എന്‍റെ പിഴച്ച നാവിനെ  തിരിച്ചറിഞ്ഞത് .!
______________________________

2011, ഒക്‌ടോബർ 8, ശനിയാഴ്‌ച

ഇന്ന് !


വിശ്വാസത്തിന്‍റെ മുദ്രവച്ച വീട്ടില്‍ 
അവിഹിതത്തിന്‍റെ കഞ്ഞി തിളയ്ക്കുന്നു ..!

വിഭവ സമൃദ്ധ ഭക്ഷണം സ്വന്തം
പുരയില്‍ തിളയ്ക്കുമ്പോള്‍ 
തെരുവിലെ എച്ചിലിനുള്ള അലച്ചില്‍ ..!

ബന്ധങ്ങളുടെ കണ്ണികള്‍ പൊട്ടിച്ചു 
സ്വാര്‍ഥ സുഖങ്ങളിലലയുമ്പോള്‍ 
കണ്ണികള്‍ക്കിടയില്‍ അമരുന്ന 
അരുമക്കുരുന്നുകളുടെ കരച്ചില്‍ .!

തകരുകയാണ് ബന്ധങ്ങള്‍ 
പെരുകുകയാണ് വിലാപങ്ങള്‍ ..!

ബന്ധങ്ങളില്ലാത്ത , ബന്ധനങ്ങളില്ലാത്ത 
ലോകത്തെ സഞ്ചാരമാണ് 
ഇന്നിന്റെ ഇഷ്ടം ..!   

2011, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

പിഴച്ചതാര്‍ക്ക്...?!..


------------------------------
വിശപ്പില്ലായ്മയിലും വിശിഷ്ട 
വിഭവം കഴിക്കുന്നവന്‍റേത് കൊതി .

വിശപ്പിന്നവശതയിലും 
വിസര്‍ജ്ജ്യം പോലും  വിഭവമായ്
കിട്ടാത്തവന്‍റേത്  വിധി .

ദാനം മടിക്കുന്ന മനവുമായി 
ദാരിദ്ര്യത്തെ സഹതപിക്കുന്നവന്‍റേത് 
ആത്മ സംതൃപ്തി .

വിഭവങ്ങള്‍ ഒരുക്കി 
വിളയാടാന്‍ ഈ ലോകം തന്നിട്ടും 
യഥാവിധി ഉപയോഗിക്കാനറിയാത്തവര്‍
ഈശ്വരനെ പഴിക്കുന്നു .

പിഴവിനെയാണ് പഴിയെങ്കില്‍ 
ആര്‍ക്കാണ് പിഴച്ചത് ..?!
***********************************

2011, ഒക്‌ടോബർ 5, ബുധനാഴ്‌ച

ഇര

-------------------
ഇര തേടി ഇറങ്ങിയ എന്നെ 
ഇരയാക്കാംഎന്നാരോ കരുതി
കരുതലില്ലാതിരുന്നെങ്കിലെന്നെ
കുരുതിയാക്കിയേനെ...!  
*************************

2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

യുദ്ധത്തില്‍ ചിതറുന്നത്


വാക്ക് വാക്കത്തിയേക്കാള്‍ മൂര്‍ച്ചയുള്ളത് 

നാക്ക് തോക്കിനേക്കാള്‍ വെടി പൊട്ടുന്നത് 

വാക്ക് നാക്കീന്നു തെറിക്കുന്നതും

വാക്കത്തിയായ്‌ നുറുക്കുന്നതും

ഉള്ളില്‍ പേടിച്ചൊളിച്ചിരിക്കുന്ന 

മനസ്സിനെയാണ് !

അധികാരം വെട്ടിപ്പിടിക്കാന്‍ 

യുദ്ധം ചെയ്യുമ്പോള്‍ ചൊരിയുന്ന 

ബോംബുകള്‍ 

നിരപരാധികളായ,

 ഭയന്നൊളിച്ചിരിക്കുന്ന ജനങ്ങളെ

 ചുട്ടു ചിതറും പോലെ

പാവം മനസ്സും 

വാക്കുകളുടെ സ്പോടനങ്ങളില്‍ 

നൊന്തു ചിതറുന്നു ..!

**************************

"അമ്മയ്ക്ക് "


----------------------------------
മനമിരുളുമ്പോള്‍ തെളിയുന്നൊരൊളി
മനമുരുകുമ്പോള്‍ തഴുകുന്നൊരു കുളിര്‍ 
മനമലര്‍വാടിയില്‍ വാടാമലരായി 
വിടര്‍ന്നു നില്‍ക്കുന്ന 
അമ്മ എന്റെ ആത്മാവാണ് .!

കരയുമ്പോള്‍ എന്‍ കണ്‍തടം തടവി 
ചിരിച്ചു ജീവിക്കുവാന്‍ 
കരുത്തേകിയതമ്മയാണ് ..
എന്‍ മേനി പോറിയാല്‍
മനം മുറിഞ്ഞു കരഞ്ഞതെന്നമ്മയാണ് ..!

അമ്മതന്‍ സ്നേഹം അളക്കുവാനാകില്ല..
അളക്കുവാന്‍ ഞാനൊട്ടു നേരവും കണ്ടില്ല ..!
കിട്ടിയതോക്കെയും സ്വാര്‍ത്ഥനായ് വാങ്ങി
തിരികെ ഞാനെന്തു നല്കിയെന്നോര്‍ക്കുകില്‍ 
നീറുന്നൊരുനൂറു നൊമ്പരങ്ങള്‍ മാത്രം ..! 
*******************************************

2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

മാര്‍ഗ്ഗം

കരയരുത് സോദരാ ...
നിന്റെ കണ്ണുനീര്‍ കാണുവാനുള്ള 
ഹിര്ദയം എനിക്കില്ല !

നീ കരയുന്നതിന്റെ  കാരണം 
ഞാനൂഹിക്കുന്നു ..
"നിന്നെ ആരോ വേദനിപ്പിച്ചിരിക്കാം.!"

 നീയും ഇതുപോലെ ആരെയെല്ലാം 
വേദനിപ്പിച്ചിട്ടുണ്ടാവാം 
അയല്‍ക്കാരെ,അമ്മയെ,ബന്ധുക്കളെ,
അങ്ങനെ...അങ്ങനെ ...!

അവരനുഭവിച്ച വേദനയുടെ ഒരല്‍പം
ഇപ്പോള്‍ നീ അനുഭവിക്കുന്നു..!
ഇപ്പോള്‍ വേദനയുടെ ആഴം നിനക്കറിയാം ..!

സ്വാര്‍ത്ഥ ലാഭം കൊതിക്കുന്ന മനസ്സ് മാറ്റൂ സോദരാ
അപ്പോള്‍ നമ്മളില്‍ നന്മയുണ്ടാവും 
നന്മയുടെ വഴി ഇടുങ്ങിയതാണ് 
തിന്മയുടെതോ അതി വിശാലവും ..!

"ഇവനാരാ സമാധാനത്തിന്റെ പ്രവാചകനോ "എന്ന്
നന്മയുടെ വെളിച്ചം കൊതിക്കുന്ന നമ്മെ 
പരിഹസിക്കാം ..
ക്ഷമിക്കുക, അവര്‍ മുഖത്ത് തുപ്പിയാലും.
നമ്മള്‍ ഒന്ന് കുളിച്ചാല്‍ മതിയല്ലോ 
അവരുടെ ഉമിനീര്‍ വറ്റുമ്പോള്‍ ,
അവര്‍ പിന്മാറും..

 ക്ഷമ നശിച്ചാല്‍ അവിടെ സമാധാനം നഷ്ട്ടപ്പെടും 
നമുക്ക് ക്ഷമയുടെ മാര്‍ഗ്ഗം സ്വീകരിക്കാം 
അതാണ്‌ നന്മയുടേയും.
*******************************************

2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

നമ്മള്‍

ഞാനും നീയും ചേര്‍ന്നതാണ് നമ്മള്‍.
തമ്മില്‍ തര്‍ക്കിച്ചു നമ്മള്‍ നമ്മളല്ലാതാകുന്നു..!

എന്റെ നിന്റെ എന്ന് ചൊല്ലുമ്പോള്‍
നോവുന്നത് നമുക്കാണ് !

നന്മ വിളയിക്കാന്‍ നമ്മളൊന്നാകണം..
നാളെ വിടരുന്ന നല്ല പുലരിയില്‍
നമ്മള്‍ പുഞ്ചിരി മുല്ലയാവണം..

ചിന്ത ഉലയിലിട്ടായുധമല്ല
ചന്തമുള്ളൊരു സംസ്കാരമാക്കണം..
    
അഹന്ത നമ്മളെ വെന്തെരിക്കാതെ
ആര്‍ദ്രതയില്‍ മനസ്സ് താഴ്ത്തുക.
***********************************

2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

എത്ര ദൂരം ...!?

നടക്കും വഴികളിലൊക്കെയും വെളിച്ചമുണ്ട് 
തെളിച്ചമായത് മനസ്സില്‍ കടക്കാതെ 
പുറം ചട്ടയിട്ടത് മൂടിവെയ്ക്കുന്നു..

ചിരിച്ച മുഖം കണ്ടു വെളിച്ചം തേടുകില്‍
കരിഞ്ഞ കനലുകള്‍ കൈകളില്‍ വെയ്ക്കുന്നു ..!

ചിരികളൊക്കെയും സ്നേഹമാണെന്ന് നിനച്ചിരിക്കേ 
ചതിച്ചിരികളില്‍ പെട്ട് ഞെട്ടുന്നു..!!

വെളിച്ചമുണ്ടെന്ന് നിനച്ച വിളക്കിന്റെ
കരിന്തിരി കണ്ടു കണ്ണ് നീറുന്നു...  
     
ഇരുള് വീണു കറുത്തൊരിടവഴിയാണ്
മുന്നില്‍ നടക്കുവാനെങ്കില്‍
ഇനിയെത്ര ദൂരം നാം നടന്നു നീങ്ങിടും ....!?.     
*************************************************
  

2011, ജൂൺ 20, തിങ്കളാഴ്‌ച

വഴിവിളക്ക്






കൂരിരുള്‍ വീണ വഴിയിലൊരു തിരി -
വെട്ടവുമായവന്‍ നിന്നു.
പലരും സുഗമം നടന്നുപോയ്‌ വഴികണ്ടു-
നന്ദിയായ്‌ ഒരുവാക്കുചൊല്ലിയില്ല !
ഇരുളിനെ ഇഷ്ടപ്പെടുന്നവര്‍ പഴിചൊല്ലി,
വെട്ടം കെടുത്തുവാന്‍ ശ്രമമെടുത്തു !!!!
വെട്ടമില്ലെങ്കിലീജീവിതമെന്തെന്നു,
ഞെട്ടലോടെയവന്‍ ഓര്‍ത്തുപോയി !!!!
എല്ലാര്‍ക്കുംവഴികാട്ടാന്‍ അവനുള്ളുകത്തുന്ന ,
താപത്തെ കാണുവാന്‍ ആര്‍ക്കുനേരം !
ഓരോത്തരും സ്വാര്‍ത്ഥരായ് വഴിനോക്കി   നീങ്ങവേ ,
അവനെന്നും ഏകനായ് ഈതെരുവില്‍ .!!!!!!!   
                    

                                                                                                          

   
  

2011, ജനുവരി 19, ബുധനാഴ്‌ച

കച്ചവടച്ചരക്ക്.

സ്വപ്നം വിതച്ചൊരു ബാല്യം ചികഞ്ഞു ഞാന്‍
പിന്നിലേയ്ക്കൊന്നു നടന്നു .
മുളപൊട്ടാ-വിത്തുകള്‍ കൂട്ടിവച്ചിന്നു
നഷ്ടം കണക്കുകൂട്ടുന്നു!...,
കൂട്ടിക്കിഴിച്ചെന്‍റെ ജീവിതം നോക്കവേ..,
നഷ്ടങ്ങളാണല്ലോ ബാക്കി..!!

ഒരു ചോറ്റു പാത്രത്തിലൊന്നിച്ചു തിന്നവര്‍
ഇന്നു കണ്ടാലറിയില്ല..!,
ഒരിയ്ക്കലും പിരിയില്ലെന്നു പറഞ്ഞവര്‍
ഇന്നു കാണാനറയ്ക്കുന്നു..!!,

ആത്മ സഖിയ്ക്കായി കാത്തുവെച്ച എന്‍റെ
ആത്മാവു വെന്തു നീറുന്നു..!!!,
ആഴിയ്ക്കു മീതേ തുഴയുന്ന ജീവിതം
ആധിയിലാണല്ലോ എന്നും..!!!!

എന്‍ ചക്രവാളത്തിലെ കാഴ്ചകള്‍ കാണുമ്പോള്‍
ഞെട്ടിത്തരിച്ചു പോകുന്നു..!
അലിവാല്‍ തുടിക്കുന്ന ഹൃദയത്തിലാഴത്തില്‍
ആഞ്ഞാഞ്ഞു കുത്തുന്നു വാക്കാല്‍ ..!!,
മരിയ്ക്കാത്ത നെഞ്ചിലെ മാംസങ്ങള്‍ ചീന്തി
കഴുകന്‍ വിഴുങ്ങുന്ന കാഴ്ച..!!!

സ്നേഹത്തില്‍ കപട വിഷം ചേര്‍ത്തു മനുഷ്യനെ
കൊന്നു തിന്നുന്നെന്‍റെ കൂട്ടര്‍ ..!!!
കാമ വിശപ്പാറ്റാന്‍ പച്ച മാംസത്തിനായ്‌
പിഞ്ചു കുഞ്ഞുങ്ങളെ ചീന്തി കൊന്നീടുന്നു ..!!

ദുര്‍ മന്ത്രവാദിതനന്‍ വാക്കാലെ പുത്രരെ
ഇന്നും കുരുതിക്കളങ്ങളില്‍  കൊല്ലുന്നു..!!
പട്ടിണി മാറ്റുവാന്‍ പാതിരാവില്‍
വിവസ്ത്രയായ് പച്ച മാംസം പങ്കുവയ്ക്കുന്നു..!!!

ജീവിയ്ക്കുവാനിന്നു മത്സരം കാണിച്ചു
മനസ്സാക്ഷി താഴിട്ടു പൂട്ടി..,
അസ്വസ്തതയാലെ ഊണി-ല്ലുറക്കില്ല
നേട്ടങ്ങള്‍ കൂട്ടുവാനോട്ടം..!!

ഓടിയോടിയവന്‍ ക്ഷീണിതനാകുമ്പോള്‍
സ്നേഹിയ്ക്കുവാനാരുമില്ല..!!
സ്നേഹങ്ങളിന്നു വെറും സ്വാര്‍ത്ഥ ലാഭത്തിന്‍
കച്ചവടച്ചരക്കല്ലേ..?!!!.
----------------------------------------------------------------------------------------