പേജുകള്‍‌

ലേബലുകള്‍

2010, ഡിസംബർ 25, ശനിയാഴ്‌ച

മുഷിപ്പിലെ മുത്ത്.

തൂമ്പ പിടിച്ചു തഴമ്പിച്ച കൈകളാല്‍
അച്ഛന്‍ തലോടുമ്പോളസഹ്യനായി ഞാന്‍.!
ബീഡിക്കറ നാറും ചുണ്ടിനാല്‍ ചുംബനം-
നല്‍കുമ്പോളെനിക്കു മനം പുരട്ടല്‍.!!!

വിയര്‍പ്പു നാറും നെഞ്ചില്‍ കിടത്തി-
കൊഞ്ചിക്കളിപ്പിയ്ക്കേ
 അസഹ്യനായ് പിടഞ്ഞു ഞാന്‍.!!!
സ്നേഹമാണച്ഛന്‍ പകുത്തു
നല്‍കുന്നതെന്നന്നേരം
ചിന്തിയ്ക്കാനായില്ലെനിക്ക്.!

പരുക്കന്‍ മീശരോമങ്ങളെന്നെ കുത്തവേ
അച്ഛനെ വല്ലാതെ  വെറുത്തു പോയ്..!
അച്ഛന്‍റെ നെഞ്ചിലെ രോമം പിടിച്ചു
പിച്ച് നോവിച്ചിട്ടും അച്ഛന്‍ വെറുത്തില്ല.!!

ഉച്ചയൂണില്‍ ഞാന്‍ മൂത്രിച്ച നേരത്തും
അച്ഛനാ...ഊണു മനംപുരട്ടായില്ല.!!!
തെറ്റിനെ ശാസിയ്ക്കേ ധിക്കാരം ചൊല്ലിയാ
നെഞ്ചു ഞാന്‍  നോവിച്ചു !
എപ്പോഴും എന്നെക്കുറിച്ചുള്ള പൊള്ളലില്‍
പിടഞ്ഞു തളരുന്നതാണെന്ന്‍ നിനച്ചില്ല !

പണി കഴിഞ്ഞെത്തുമ്പോളച്ഛന്‍റെ കയ്യിലെ
പലഹാരപ്പൊതിയായിരുന്നു  കൊതി നോട്ടം  !
അച്ഛന്‍റെ ഹൃദയമാണാ..പൊതിയിലെന്ന്
അന്നേരം കാണാന്‍ കഴിഞ്ഞിരുന്നില്ലല്ലോ !?
ഇന്നെന്‍റെയച്ഛനെന്നൊപ്പമില്ലാഞ്ഞപ്പോള്‍,
അന്നത്തെ സ്നേഹം തിരിച്ചറിയുന്നു ഞാന്‍.!!. .
-------------------------------------------------------------------------------------

2010, ഡിസംബർ 8, ബുധനാഴ്‌ച

ഇളംവെയില്‍

കണ്ണീരില്‍ കഴുകിയ ജീവിതത്തില്‍
സ്നേഹത്തിന്‍  ഇളംവെയില്‍  തഴുകിയപ്പോള്‍
ഇരുള്‍മൂടിയ മനസ്സിന്റെയുള്ളിലൊരു
തിരിനാളം  എന്തിനോ വേണ്ടി തെളിഞ്ഞു ,

മരണത്തിന്‍ കരിമുകില്‍ പ്രണയിച്ച ഞാനൊരു
മണിവീണപോലെ ചിരിച്ചു ...!
സത്യത്തിന്‍ നിലാവെളിച്ചം പൊഴിച്ചപ്പോള്‍
വിഡ്ഢിവേഷം തന്ന ലോകം !,

സൂര്യനെപ്പോലെ സ്നേഹം ചൊരിഞ്ഞപ്പോള്‍
ദുഃഖക്കടല്‍മൂടി എന്നെക്കെടുത്തിയോര്‍ ,
വിശപ്പിനാല്‍  കേണയെന്‍ ആമാശയത്തിലായ്
വിഷം നിറപ്പിച്ച് മരണച്ചോറൂട്ടിയോര്‍ ,

 തെറ്റിന്‍ കയങ്ങളില്‍ തള്ളിയിട്ടിട്ടെന്നെ
കുറ്റവാളിയാക്കി കൈവിട്ടുപോയവര്‍ .....!!

ചതിമൂത്ത ലോകത്തു ഗതികെട്ടുനിന്ന ഞാന്‍ ....,
ജീവിത കാഴ്ച്ചകള്‍ നിറം കെട്ടുപോകവേ....,
വഴി മുട്ടി മരണം നിനയ്ക്കവേ ....,
ഒരു സ്നേഹ പുഞ്ചിരി തന്നു നീ ..
 ഇരുള്‍ വീണ മനസ്സിന്റെ തിരി വീണ്ടും തെളിച്ചപ്പോള്‍
 നിന്നെ ഞാനറിയാതെ പിന്നെയും പ്രണയിച്ചു പോയി .!

മരണത്തിന്‍ ഇരുളിനെ ഇനി ഞാന്‍ വെറുക്കട്ടെ...!?
നീയെന്നെ ചതിക്കില്ലെന്നോര്‍ക്കുന്ന ഞാന്‍ ,
ഇനിയുമൊരു വിഢ്ഡിയായ് തീരുമോ...?!!!!.
==============================================================

2010, ഡിസംബർ 5, ഞായറാഴ്‌ച

തടവറപക്ഷികള്‍

പ്രിയസഖീ നീയോരോ സങ്കടം ചൊല്ലുമ്പോള്‍
നൊമ്പരം കൊള്ളുന്നതെന്‍റെയുള്ളം ...!
നിന്നെ തനിച്ചാക്കി ഞാനീ മരുഭൂവില്‍
ജീവിത പച്ചപ്പ്‌ തേടിടുന്നു ..

അറബിതന്‍ തടവറക്കൂട്ടിലെ പക്ഷിയായ്
പിടയുന്ന മനവുമായ്‌ നാളുനീക്കും...!
രണ്ടുകൊല്ലം എന്റെ ജീവിതം വില്‍ക്കുന്ന
കാശൊന്നും നിത്യവൃത്തിക്കില്ലല്ലോ  ...!

ഈരണ്ടുകൊല്ലത്തെ മോഹങ്ങള്‍കൂട്ടി
 ഞാന്‍ നാട്ടില്‍തിരിച്ചെത്തും,
രണ്ടുമാസത്തെക്ക് അവധിയായ്...!!!
തടവറ തുറന്നൊരു പക്ഷിയെപ്പോലെ നാം
ചുറ്റി ക്കറങ്ങുവാന്‍ വെമ്പലാകും ..,

സന്തോഷം പങ്കിട്ടു നാമുല്ലസ്സിക്കുമ്പോള്‍
നാട്ടുകാര്‍ ചൊല്ലുന്നു അറബിയെ പറ്റിച്ച-
കാശാണെന്ന്‍....!!!!.
അസൂയാലുവായ് ചിലര്‍ വിസ്സയുമെടുതിട്ട്
ഇതുപോല്‍ സുഖിക്കാനായ് ഗള്‍ഫിലെത്തും ,

അവിടവന്‍ തടവറ ക്കൂട്ടിലടയ്ക്കുമ്പോള്‍
പാശ്ചാത്താപത്താല്‍  തളര്‍ന്നുപോകം  ....!!
മോഹങ്ങളത്തുഗ്ര ഉയരത്തിലാകുമ്പോള്‍,
ചിറകു കരിഞ്ഞാല്‍ ,-നിലം പതിക്കുന്നതോ ...
                     എത്ര കഷ്ട്ടം .....!!!!!!.
---------------------------------------------------------------------------------------------

2010, നവംബർ 6, ശനിയാഴ്‌ച

പ്രവാസി

ചുട്ടു പഴുത്തൊരറബിമണല്‍ത്തരി _
പറയുന്നുണ്ടൊരു നൂറു കഥ !
പ്രവാസ ജീവിത ദുരിതം പേറിയ
കരളു കരിഞ്ഞൊരു നൂറു കഥ .

അറബിക്കഥയിലെ സുല്‍ത്താനാകാന്‍
മോഹം കൊണ്ട് പറന്നവരും,
ജീവിത ദുരിതം മാറ്റാനായി
ഭാഗ്യം തേടിയണഞ്ഞവരും ,
ചിറകുകരിഞ്ഞു പിടഞ്ഞു കരഞ്ഞ്
കണ്ണീരിററിയ കദന കഥ ..!

പൊരിയും വെയിലില്‍ പണിചെയ്യുമ്പോള്‍,
മോഹം കരിയുകയാണിവിടെ..!
കനലുകളെരിയുംമനസ്സും പേറി
ദുരിതക്കാട്ടില്‍ അലയുമ്പോള്‍ ,
ആശ്വാസ്സത്തിരി വെട്ടം കണ്ടാല്‍
അല്പമിരിക്കാനാശിക്കും,

അലറിവിളിക്കാന്‍ ദുഖംനില്‍ക്കേ
അടിമപ്പണിയില്‍ ജീവിപ്പോര്‍
അലമുറയിട്ടു വിളിക്കും യന്ത്ര നടുവില്‍
യാന്ത്രിക ജീവിതരായ് ...!

ആശ്രയമില്ലാതലയും ജീവനു_
ആരാണിവിടെ തുണയേകാന്‍ .?
അധികാഹാരം കുപ്പത്തൊട്ടികള്‍
കൂനകണക്ക് കഴിക്കുമ്പോള്‍
ഒട്ടിയ വയറു നിറയ്ക്കാനല്‍പ്പം
ഉണക്കറൊട്ടിക്കലയുന്നോര്‍...!!!!

ഉറ്റവര്‍ക്കന്ത്യചടങ്ങ് നടക്കെ-
അലറും യന്ത്ര ക്കീഴില്‍
ഹൃദയം ഇടറിയൊരല്‍പ്പമിരിക്കുന്നോര്‍.!!
പിഞ്ചുകുരുന്നിനൊരുമ്മ കൊടുക്കാന്‍
ഇന്‍റര്‍നെറ്റിന്‍ചുണ്ടത്ത്.!!!

മോഹങ്ങള്‍ക്കൊരു തടവറതീര്‍ത്ത്
ജീവിത സൌഭാഗ്യങ്ങള്‍നേടാന്‍-
മനസ്സിനെ സ്വയ-സാന്ത്വന മരവിപ്പുവരുത്തി,
ജീവിക്കുന്നു പ്രവാസിയായ്.
-----------------------------------------------------------------------  

2010, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

മനുഷ്യനെന്നെന്നെ വിളിക്കുമൊ...!


കരിഞ്ഞ മാംസങ്ങള്‍ക്കിടയിലൊരുകുഞ്ഞ്,
കരഞ്ഞിരിക്കുന്ന കാഴ്ച കണ്ടു ഞാന്‍ ,
കലിയടങ്ങാത്ത കരിമരുന്നിന്‍റെ,
 ഗര്‍ജ്ജനങ്ങള്‍ക്ക് നടുവിലാണവന്‍!
അലിവുവന്നില്ല എന്‍മനസ്സിലും,  
ആര്‍ക്കുവേണ്ടി ഞാനലിവു കാട്ടണം !
ആരോപ്രസവിച്ച ഏതോ കുഞ്ഞവന്‍!
യുദ്ധഭൂമിയില്‍ ഉറ്റവരുണ്ട്‌  ചേതനയറ്റ്,          
ഞെട്ടിയില്ല ,ഞാനെന്തിനുഞ്ഞെട്ടണം ,
അവരെന്‍റെ ബന്ധുവല്ല ..!.

വാരിയെല്ലുകള്‍ക്കിടയിലെന്‍ഹൃദയം 
കരിങ്കല്ലു പോലെ കരുതി വച്ചു ഞാന്‍ ,
അലിവുള്ളൊരു പുഞ്ചിരി പോലും
അന്യര്‍ക്കായി വെറുതെ നല്‍കില്ല .,
എനിക്കുവേണമീ  ലോകമൊക്കെയും ,
അടക്കി വാഴണം ദേവ ലോകവും !!!!
മനുഷ്യനെന്നെന്നെ വിളിക്കുവോരോട്
മറുപടിയായ്‌  എന്തുപറയണം !!!!!.
*************************************
       

നര

 
കറുത്ത തലമുടിയോടെന്‍റച്ഛന്‍,
കടലുകടന്നൊരു തൊഴില്‍ നേടി,
കാലം പിന്നിട്ടിക്കരെയെത്തെ ,    
തലമുടി നന്നേ നരച്ചിരുന്നു !

എന്താണ് അചഛാ  മുടിനരച്ചേഎന്ന്,
കൌതുകത്തോടെ  ഞാന്‍ ചോദിച്ചു !
മറുപടിയായ്  അച്ഛന്‍ മരവിച്ച  മനസ്സിനെ,
മറച്ചൊരു നരച്ച ചിരിവിരിച്ചു !!!!
പഴുത്ത  മണല്‍കാട്ടിലുരുക്കി  സൂര്യനും,
നൊമ്പരക്കൂമ്പാരം നെഞ്ചുരുക്കിയും,
നരച്ചതാവാം അച്ഛന്റെ തലമുടി!.
************************************